കായൽ യാത്ര ആസ്വദിക്കാനായി പതിനായിരങ്ങൾ മുടക്കണമെന്നു ഓർത്ത് സങ്കടപ്പെടേണ്ട, അവധിക്കാലം ആഘോഷമാക്കാൻ നേരെ ഇങ്ങു കോട്ടയത്തേക്ക് പോന്നോളൂ.


കോട്ടയം: സ്‌കൂളടച്ചു വേനലവധിയായി, ഇനി അവധി നാളുകളാണ്. കുട്ടികളും മാതാപിതാക്കളും സുഹൃത്തുക്കളുമൊപ്പം ഇനി അവധിക്കാല യാത്രകൾ ഇഷ്ട്പ്പെടുന്നവരാണ് ഏറെയും. ഇപ്പോൾ തന്നെ കുട്ടികൾ വീടുകളിൽ യാത്രയ്ക്കായി ബഹളം വെച്ച് തുടങ്ങി. കുറഞ്ഞ തുകയിൽ കായൽ യാത്ര ആസ്വദിക്കാം അതും വെറും 29 രൂപയ്ക്ക്.

 

 വിശ്വാസമാകുന്നില്ല അല്ലെ? എങ്കിൽ വിശ്വസിച്ചേ മതിയാകു. കോട്ടയം ആലപ്പുഴ കായൽ യാത്രയാണ് ചെലവ് കുറഞ്ഞ തുകയ്ക്ക് ആസ്വാദകർക്ക് ദൃശ്യ വിസ്മയങ്ങൾ ഒരുക്കുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളാണ് കോട്ടയം ആലപ്പുഴ റൂട്ടിൽ സർവ്വീസ് നടത്തുന്നത്. കാഴ്ച്ചകൾ കൂടുതൽ ഭംഗിയോടെ കാണാൻ യാത്രാ ബോട്ടുകളിൽ സഞ്ചരിക്കുന്നതാണ് ഹൗസ് ബോട്ടിൽ സഞ്ചരിക്കുന്നതിലും ഉത്തമം. കായൽ കാഴ്ച്ചകൾ കാണണമെന്ന് മനസ്സിൽ ആഗ്രഹം സൂക്ഷിക്കുന്നവർക്ക് ഏറ്റവും ഉത്തമമാണ് ഈ കായൽ യാത്ര. കായൽ യാത്രയുടെ എല്ലാ ദൃശ്യ വിസ്മയങ്ങളും ഈ യാത്രയിൽ നമുക്ക് കാണാനും അനുഭവിക്കാനും സാധിക്കുമെന്നതിൽ സംശയമില്ല. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലിലൂടെയുമാണ് ബോട്ട് കടന്നു പോകുന്നത്. കായൽ തുരുത്തുകളും തെങ്ങിൻതോപ്പുകളും നെൽപ്പാടങ്ങളും കായലോര വീടുകളിൽ താമസിക്കുന്ന മനുഷ്യരുടെ ജീവിത അവസ്ഥകളും ഈ യാത്രയിലൂടെ അടുത്തറിയാൻ സാധിക്കും. ഒരു പക്ഷെ കായൽ യാത്ര ഇത്രയും അടുത്തറിയാൻ ചിലപ്പോൾ  ഹൗസ് ബോട്ടിൽ സഞ്ചരിച്ചാൽ സാധികച്ചെന്നു വരികയില്ല. കോട്ടയം കോടിമതയിൽ നിന്നും ആരംഭിക്കുന്ന ബോട്ട് സർവ്വീസ് കാരാപ്പുഴ, പാറേച്ചാൽ, 15ൽ കടവ്, കാഞ്ഞിരം, വെട്ടിക്കാട്, കൃഷ്ണൻകുട്ടിമൂല, മേലടം, പട്ടാശേരി, ചിത്തിര കായൽ, മംഗലശേരി, പൂകൊച്ചി, ചെറുകാലി കായൽ, പുഞ്ചിരി, നെഹ്റുട്രോഫി, പുല്ലാത്തുശേരി, കമലന്‍റെ മൂല, മാർത്താണ്ഡം കവല, ചെറുകായൽ, കുപ്പപ്പുറം എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാണ് ആലപ്പുഴയിൽ എത്തുക. മേല്പറഞ്ഞതെല്ലാം കായൽ യാത്രയിലെ പ്രധാന സ്റ്റോപ്പുകളാണ്. കോടിമതയിൽ നിന്നും രാവിലെ  6:45, 11:30, 1, 3:30, 5:15 എന്നീ സമയങ്ങളിൽ ആലപ്പുഴക്കും ആലപ്പുഴയിൽ നിന്ന് രാവിലെ 7:15, 9:30, 11:30, 2:30, 5:15 എന്നി സമയങ്ങളിൽ കോട്ടയത്തേയ്ക്കും സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ബോട്ടുകൾ സർവ്വീസ് നടത്തുന്നുണ്ട്. അവധിക്കാലമായതോടെ യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ടെന്നു അധികൃതർ പറയുന്നു. കായല്‍യാത്ര ആസ്വദിക്കുന്നതിനൊപ്പം ഗ്രാമീണ ജീവിതത്തെ അടുത്തറിയാനും പരിസ്ഥിതി സൗഹാര്‍ദ യാത്രയ്ക്കുമായി വിദേശികളായ വിനോദസഞ്ചാരികളും ബോട്ടുയാത്രയ്ക്കായി എത്തുന്നുണ്ട്. വിനോദസഞ്ചാരികളെക്കൂടാതെ കര്‍ഷകത്തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ സാധാരണ ജനങ്ങളും യാത്രയ്ക്കായി ബോട്ട് സര്‍വീസിനെയാണ് ആശ്രയിക്കുന്നത്.