എരുമേലി തീ പിടിത്തം: മരണം മൂന്നു ആയി, മകളുടെ പ്രണയത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ തീ കൊളുത്തിയതെന്നു സംശയം, കൂട്ട ആത്മഹത്യയെന്ന്‌ സംശയം.


എരുമേലി: എരുമേലിയിൽ വീടിനു തീ പിടിച്ച സംഭവത്തിൽ മരണം മൂന്നു ആയി. എരുമേലി ശ്രീനിപുരം പുത്തൻപുരയ്ക്കൽ സത്യപാലൻ (52 ), സത്യപാലൻ്റെ ഭാര്യ ശ്രീജ (സീതമ്മ–48), മകൾ അജ്ഞലി (26) എന്നിവരാണ് മരിച്ചത്. തീ പിടിത്തത്തിൽ ശ്രീജ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പിതാവിനെയും മകളെയും മകൻ അഖിലേഷിനെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സത്യപാലനും മകൾ അഞ്ജലിയും മരണത്തിനു കീഴടങ്ങിയത്. മകളുടെ പ്രണയത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ തീ കൊളുത്തിയതെന്നു സംശയം ഉള്ളതായി പോലീസ് പറഞ്ഞു. സംഭവത്തിൽ എരുമേലി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗിനിരക്ഷാ സേനയെത്തിയാണ് വീടിനുള്ളിലെ തീ അണച്ചത്. വീട് പൂർണ്ണമായും അഗ്നിക്കിരയായി. മകൾ അജ്ഞലി മൂന്ന് ദിവസം മുമ്പാണ് വിദേശത്ത് നിന്നും വന്നത്. രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നുണ്ട്. ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായതായും തുടർന്ന് വീട്ടിനുള്ളിൽ തീ പടരുകയായിരുന്നുവെന്നുമാണ് വിവരം. കുടുംബപ്രശ്‌നങ്ങൾ തുടർന്നുണ്ടായ കൂട്ട ആത്മഹത്യയെന്ന്‌ സംശയം ഉള്ളതായി പോലീസ് പറഞ്ഞു. ശ്രീജയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവിന്റെയും മകളുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.