കടുത്തുരുത്തി: കോട്ടയത്ത് ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി മാഞ്ഞൂര്‍ കണ്ടാറ്റുപാടം സ്വദേശി അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്.
ഭര്‍ത്താവുമായുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് അമിതയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയില്‍ കടുത്തുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയിൽ കണ്ടത്. ഈ സമയം ഭർത്താവ് അഖിൽ വീട്ടിലുണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് അമിതയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എൽസമ്മയെ ഫോണിൽ വിളിച്ച്, താൻ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിനു ശേഷമാണ് അമിത ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. നാലര വർഷം മുൻപായിരുന്നു വിവാഹം. 2 മക്കളുണ്ട്. സൗദിയിൽ നഴ്സായി ജോലി ചെയ്തിരുന്ന അമിത ഒരു വർഷം മുൻപാണു നാട്ടിലെത്തിയത്.