നല്ല പ്രീമിയമായി ഫുഡ് കഫേ! ഒരുങ്ങിരിക്കുന്നത് സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രീമിയം കഫേ, കുറവിലങ്ങാട് കോഴയിൽ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് ആരംഭിച്ചു


കുറവിലങ്ങാട്: ജില്ലാ കുടുംബശ്രീമിഷന്റെ മേൽനോട്ടത്തിൽ കുടുംബശ്രീ പ്രീമിയം കഫേ കുറവിലങ്ങാട് കോഴയിൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രീമിയം കഫേ ആണ് ജില്ലാ പഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ എം.സി. റോഡരികിൽ ബ്ലോക്ക് പഞ്ചായത്തോഫീസിനു സമീപം കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രത്തിൽ ഉത്‌ഘാടനം ചെയ്തത്. പ്രീമിയം കഫേയുടെ ഉത്‌ഘാടനം തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. മൂന്നുനിലകളിലായുള്ള കെട്ടിടത്തിൽ താഴത്തെ നിലയിലാണ് കഫെ പ്രവർത്തിക്കുന്നത്. രണ്ടാം നിലയിൽ ഡോർമിറ്ററിയും 150 പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാളുമാണുള്ളത്. മൂന്നാം നില പൂർത്തിയാക്കി വനിതകൾക്കുള്ള ഷീ ലോഡ്ജ് സജ്ജമാക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, കാറ്ററിംഗ്, ഓൺലൈൻ സേവന സൗകര്യം, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ, വിശാലമായ പാർക്കിങ്ങ് എന്നിങ്ങനെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രീമിയം കഫേയാണ് ഇവിടെ ഒരുങ്ങിരിക്കുന്നത്. കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തിയുള്ള കൺസോർഷ്യത്തിനാണു നടത്തിപ്പുചുമതല. ജീവനക്കാരായി ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽനിന്ന് 40 വനിതകളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നൽകി. മൂന്ന് മാസം നീണ്ട പരിശീലനം തൃശൂർ ഐഫ്രം ഏജൻസിയാണ് നൽകിയത്. ആറുമാസം ഇതേ ഏജൻസി കഫെ നടത്തിപ്പിനും ഒപ്പമുണ്ട്.  രാവിലെ ആറ് മുതൽ രാത്രി 11 വരെ മൂന്ന് ഷിഫ്റ്റായിട്ടായിരിക്കും ജോലി. ഭാവിയിൽ നൂറോളം വനിതകൾക്ക് കഫേയിലൂടെ തൊഴിൽ   ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. മികച്ച സേവനത്തിനൊപ്പം പ്രാദേശിക സാമൂഹിക സാമ്പത്തിക വികസനത്തിനും ഈ സംരംഭം വഴിയൊരുക്കും. വിശ്രമകേന്ദ്രത്തിലെ ആധുനിക രീതിയിലുള്ള ടേക്ക് എ ബ്രേക്കിന്റെ ചുമതലയും കുടുംബശ്രീ വഹിക്കും.