കോട്ടയം: കർണ്ണാടകയിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം മൂലവട്ടം സ്വദേശിയായ ആംബുലൻസ് ഡ്രൈവർക്ക് ദാരുണാന്ത്യം. കോട്ടയം മൂലവട്ടം കുറ്റിക്കാട്ടു ഹൗസിൽ കെ.യു.പ്രസാദിന്റെ മകൻ രതീഷ് കെ പ്രസാദ് (43) ആണ് മരിച്ചത്. അപകടത്തിൽ ബിഎസ്എഫ് ജവാനും മുദ്ദേബിഹാൽ സ്വദേശിയുമായ മൗനേഷ് റാത്തോഡും മരണപ്പെട്ടു. വടക്കൻ കർണാടകയിലെ വിജയപുരയിൽ കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത്. ഡൽഹിയിൽ നിന്ന് വാങ്ങിയ 2 സെക്കൻഡ്ഹാൻഡ് ആംബുലൻസുകളുമായി കോട്ടയത്തേക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുജറാത്തിലെ വഡോദരയിൽനിന്നു വരികയായിരുന്ന ലോറി മൗനേഷ് ഓടിച്ചിരുന്ന ബൈക്കിലും തുടർന്ന് രതീഷ് ഓടിച്ചിരുന്ന ആംബുലൻസിന്റെ പിന്നിലേക്കും ഇടിച്ചു കയറുകയിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിൽ സഞ്ചരിക്കുകയായിരുന്ന ട്രക്കിലേക്ക് ആംബുലൻസും ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നതിനാൽ ക്രെയിൻ ഉപയോഗിച്ചാണു രതീഷിനെ പുറത്തെടുത്തത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.