കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് ഗുരുതര പരിക്ക്, അപകടം ഇന്ന് പുലർച്ചെ 3 മണിക്ക്.


കോട്ടയം: കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിനു മുന്നിൽ ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടം ഉണ്ടായത്. ജീപ്പ് ഡ്രൈവർ തൊടുപുഴ മണക്കാട് സ്വദേശി സനോഷ്(55), തമിഴ്‌നാട് സ്വദേശിയായ ഒരാൾ എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് അസം സ്വദേശികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തു നിന്നും എത്തിയ ലോറിയിൽ എതിർദിശയിൽ നിന്നും എത്തിയ ജീപ്പ് ഇടിയ്ക്കുകയായിരുന്നു. ജീപ്പിനുള്ളിൽ കുടുങ്ങിയവരെ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. ക്രെയിൻ ഉപയോഗിച്ച് വാഹനം വലിച്ചു നീക്കുകയായിരുന്നു. ഇന്റീരിയർ ജോലി ചെയ്യുന്ന ജീവനക്കാരാണ് ജീപ്പിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ബാംഗ്ലൂരിൽ നിന്നും പള്ളത്തേയ്ക്ക് വരികയായിരുന്ന വി ആർ എൽ ലോജിസ്റ്റിക്ക്സിൻ്റെ ലോറി ആണ് അപകടത്തിൽപ്പെട്ടത്.