കോട്ടയം: കൂട്ട ആത്മഹത്യ വാർത്തകൾ നടുങ്ങലോടെയാണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. ഏറ്റുമാനൂരിൽ വീട്ടമ്മയും പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നരമാസം പിന്നിടുമ്പോഴാണ് മറ്റൊരു വീട്ടമ്മ പെൺമക്കൾക്കൊപ്പം ആത്മഹത്യ ചെയ്തിരിക്കുന്ന വാർത്ത എത്തുന്നത്.
മുത്തോലി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും പാലാ കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയും ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് ഇന്ന് മരിച്ചത്. ഒന്നര മാസം മുൻപായിരുന്നു ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കലിൽ ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടി മരിച്ചത്. കോട്ടയത്ത് അടുത്തിടെയായി ഇപ്പോൾ രണ്ടു കൂട്ട ആത്മഹത്യകളാണ് ഉണ്ടായിരിക്കുന്നത്. രണ്ടിലും അമ്മയും ഒപ്പം രണ്ടു മക്കളുമാണ് മരണത്തിനു കീഴടങ്ങിയത്. കുടുംബ പ്രശനങ്ങളും സാമ്പത്തിക പ്രശനങ്ങളുമാണ് ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് നിഗമനം.