ഒരേ കൈകളിൽ ഡംബലും പാഠപുസ്തകവും, അറിവിനൊപ്പം ആരോഗ്യവും! കോട്ടയത്തെ ആദ്യ വനിതാ ജിം ഉടമ, പിള്ളേരെ, ഈ ടീച്ചർ ആള് ജിമ്മാണ്!


ചങ്ങനാശ്ശേരി: ഒരേ കൈകളിൽ ഡംബലും പാഠപുസ്തകവും, അധ്യാപനത്തോടൊപ്പം ആരോഗ്യത്തെയും സൂക്ഷ്മതയോടെ ചേർത്തുനിർത്തുകയാണ് കോട്ടയത്തെ ആദ്യ വനിതാ ജിം ഉടമയും സ്‌കൂൾ അധ്യാപികയുമായ തുഷാര കൃഷ്ണൻ. ചങ്ങനാശ്ശേരി എസ് എച് സ്‌കൂളിലെ അധ്യാപികയാണ് തുഷാര. സ്‌കൂളിൽ കുട്ടികളുടെ പ്രിയ അധ്യാപികയായ തുഷാര സ്‌കൂൾ സമയം കഴിഞ്ഞാൽ സ്വന്തം ജിമ്മിലെ കർക്കശക്കാരിയായ ട്രെയിനറാണ്. ഡംബെല്ലുകളും റെസിസ്റ്റൻസ് ബാൻഡുകളും ഒപ്പം ജിമ്മിലെ മറ്റു വ്യായാമ ആരോഗ്യ സംരക്ഷണ ഉപകരണങ്ങൾ അനായാസം കൈകാര്യം ചെയ്യും തുഷാര. ചങ്ങനാശ്ശേരി കോട്ടമുറിയിലാണ് തുഷാരയുടെ ബിഗ് ബോസ് യുണിസെക്സ് ഫിറ്റ്നസ് സെന്റർ പ്രവർത്തിക്കുന്നത്. പൂർണ്ണ പിന്തുണയുമായി ബോഡി ബിൽഡിങ്ങിൽ മിസ്റ്റർ എം ജി യൂണിവേഴ്‌സിറ്റിയും പല തവണ മിസ്റ്റർ കോട്ടയവും കേരളയുമായ ഭർത്താവ് ജീവൻ ബോസും ഒപ്പമുണ്ട്. കോട്ടയം ജില്ലയിൽ ആദ്യമായി ജിമ്മിന് രജിസ്‌ട്രേഷനും ലൈസൻസും നേടിയ വനിതയാണ് തുഷാര. ഇംഗ്ലീഷ് സാഹിത്യത്തിൽ ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജിൽ നിന്നും ബി എ യും എം എ യും കരസ്ഥമാക്കിയ തുഷാര നെടുംകുന്നം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് കോളേജിൽ നിന്നും ബി എഡ്ഡും എം എഡ്ഡും കരസ്ഥമാക്കിയിരുന്നു. പുരുഷന്മാർ മാത്രമല്ല ഇപ്പോൾ സ്ത്രീകളും കൂടുതലായി ആരോഗ്യ സംരക്ഷണത്തിനായി ജിമ്മുകളിലേക്ക് എത്തിത്തുടങ്ങിയതായി തുഷാര പറയുന്നു. സഹോദരന്മാരിൽ നിന്നുമാണ് ജിമ്മും ജിം പ്രവർത്തനങ്ങളും പരിശീലനങ്ങളും മനസിലാക്കിയത്. ഇപ്പോൾ സ്‌കൂൾ സമയം കഴിഞ്ഞാൽ വേഗമെത്തുന്നത് ജിമ്മിലേക്കാണ്. തുടർന്ന് പത്ത് മണി വരെ ജിമ്മിലാണ്. ഏക മകൾ ജാനകി ചങ്ങനാശ്ശേരി ഗുഡ് ഷെപ്പേർഡ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.