കോട്ടയം: കോട്ടയത്ത് വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കോട്ടയം തിരുവാതുക്കലിൽ വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. രാവിലെ വീട്ടിൽ ജോലിക്ക് എത്തിയ ജോലിക്കാരിയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. 2017 ലാണ് ഇവരുടെ മകൻ ഗൗതമിനെ(28) തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു വിജയകുമാർ നിയമ പോരാട്ടം നടത്തുകയും തുടർന്ന് മകന്റെ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടെയും മരണമെന്നത് വീണ്ടും ദുരൂഹത വർധിപ്പിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഗൗതമിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവും കാറിൽ രക്തപ്പാടുകളും കണ്ടെത്തിയിരുന്നു. മരണം ആത്മഹത്യയെന്ന് പോലീസ് നിഗമനത്തിലെത്തിയതോടെയാണ് വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് അന്വേഷണത്തിൽ മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കണ്ടെത്തിയതോടെ ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വിജയകുമാറിനെയും ഭാര്യ മീരയെയും അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. ദമ്പതികളെ ആക്രമിക്കാന്‍ പ്രതി ഉപയോഗിച്ച കോടാലി വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്നും കോടാലി ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മുഖത്ത് കോടാലിക്ക് വെട്ടി മുഖം വികൃതമാക്കിയിട്ടുണ്ട്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രതി വീടിന്റെ ഉള്ളിൽ കടന്നത് ജനലിൽ ഹോൾ ഉണ്ടാക്കി വാതിൽ തുറന്ന് ആണ് എന്ന് പോലീസ് പറഞ്ഞു. വീടിനുള്ളിൽ നിന്നും വസ്തുക്കളൊന്നും മോഷണം പോയിട്ടില്ല. മോഷണമല്ല കൊലപാതകമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.