കോട്ടയം: യുപിഎസ്‌സി സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. കോട്ടയത്തിനഭിമാനമായി ആദ്യ 60 റാങ്കിനുള്ളിൽ ഇടംനേടി കോട്ടയം സ്വദേശികൾ.
ആൽഫ്രഡ് തോമസ്(33), സോണറ്റ് ജോസ്(54) എന്നീ കോട്ടയം സ്വദേശികളാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. പാരപ്പള്ളി കരിങ്കുന്നേൽ തോമസ് ആൻറണിയുടെയും ടെസിയുടെയും മകൻ ആൽഫ്രഡ് അഞ്ചാം ശ്രമത്തിലാണ് 33 മത് റാങ്ക് നേടി വിജയം നേടിയത്. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിങ് പാസായ ആൽഫ്രഡ് സിവിൽ സർവ്വീസ് പരീക്ഷക്ക് കണക്കാണ് ഐശ്ചിക വിഷയമായി എടുത്തത്. മുണ്ടക്കയം സ്വദേശിനി സോണറ്റ് ജോസ് 54 മത് റാങ്ക് നേടിയാണ് വിജയം നേടിയത്. മുണ്ടക്കയം പുഞ്ചവയൽ സ്വദേശിനിയാണ് സോണറ്റ് ജോസ്. മുണ്ടക്കയം സെന്റ് ആന്റണിസ് സ്കൂൾ, എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ പൂർവ്വ വിദ്യാർത്ഥിനിയായിരുന്നു. ഇരുപത്തിനാലാം വയസ്സിൽ രണ്ടാമത്തെ പരിശ്രമത്തിലാണ് അഭിമാനകരമായ ഈ നേട്ടം സോണറ്റ് കരസ്ഥമാക്കിയത്. മുണ്ടക്കയം പുലിക്കുന്ന് ഈറ്റകുന്നേല്‍ ജോസിന്റെയും മേരി കുട്ടിയുടെയും മകളാണ് സോണറ്റ്. സോണിയ, സോണി എന്നിവരാണ് സഹോദരങ്ങള്‍.