കോട്ടയം: സംസ്ഥാനത്തെ ആദ്യത്തെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട അയ്മനം ഗ്രാമപഞ്ചായത്തിലെ വലിയമട വാട്ടർ പാർക്ക് തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും. 4.85 കോടി രൂപയിൽ അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 5.5 ഏക്കർ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടർ ഫ്രന്റ്് ടൂറിസം പദ്ധതി നടപ്പിലാക്കിയത്.
കളർമ്യൂസിക്ക് വാട്ടർ ഫൗണ്ടൻ, ഫ്‌ളോട്ടിങ്ങ് റെസ്റ്റൊറന്റ്, ഫ്ളോട്ടിങ്ങ് വാക്വേ, പെഡൽ ബോട്ടിംഗ്, റയിൻ ഷട്ടർ,ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിയിടം, സൈക്ലിങ് ഏരിയ, പൂന്തോട്ടം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെല്ലി(കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് ഇലക്ട്രിക്കൽ കമ്പനി) നായിരുന്നു നിർമാണച്ചുമതല. ജല വിനോദസഞ്ചാര മേഖലയിലെ ഗ്രാമീണ സാധ്യതകള്‍ പ്രയോജനപ്പെടുത്തും വിധമാണ് പദ്ധതി വിഭാവനം ചെയ്തത്. രാത്രി 11വരെ പാർക്കിൽ പ്രവേശനം ഉണ്ടായിരിക്കും. മഴക്കാലമായാല്‍ പോലും വിനോദസഞ്ചാരത്തിന് തടസ്സമാകാത്ത വിധമാണ് പദ്ധതിയുടെ രൂപീകരണം. ഇതിനായി കുളത്തിലെ ജലനിരപ്പ് കൃത്യമായ അളവില്‍ ക്രമീകരിച്ച് നിര്‍ത്താന്‍ സാധിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. മഴപെയ്ത് കുളത്തില്‍ വെള്ളം നിറഞ്ഞാല്‍ അധികമായി വരുന്ന ജലം സമീപത്തെ തോടിലൂടെ ഒഴുക്കി വിടാനും അതിലൂടെ കുളത്തിലെ ജലത്തിന്റെ അളവ് പദ്ധതിക്ക് അനുസൃതമാകും വിധം ക്രമീകരിച്ചു നിര്‍ത്താനും ഇതിലൂടെ സാധിക്കും. പ്രാദേശിക വിനോദസഞ്ചാരികളേയും വിദേശ വിനോദ സഞ്ചാരികളേയും ഒരുപോലെ ആകര്‍ഷിക്കുന്ന വിധമാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വൈകുന്നേരങ്ങളിൽ എത്തുന്നവർക്ക് പ്രകൃതി കനിഞ്ഞു നൽകിയ ദൃശ്യ ഭംഗിയിൽ മയങ്ങി കാറ്റുകൊണ്ടങ്ങിരിക്കാം ഇവിടെ. പാടത്തിനരികിലുള്ള ചെറിയ തടാകം എന്ന് വിളിക്കാവുന്ന വലിയമടക്കുളത്തിന്റെ ഹൈലൈറ്റ് ഈ ജലാശയത്തിൽ നിർമിച്ചിരിക്കുന്ന ഫൗണ്ടനും ആ കാഴ്ച ആസ്വദിക്കാൻ നിർമിച്ചിരിക്കുന്ന വാച്ച് ടവറുകളും പിന്നെ ഫൗണ്ടന് ചുറ്റും നടക്കാൻ പാകത്തിന് വെള്ളത്തിൽ പൊങ്ങികിടക്കുന്ന രീതിയിൽ കൈവരികൾ നിർമിച്ചു സുരക്ഷിതമാക്കിയ നടവഴികളും തന്നെ.