സായാഹ്‌നക്കാഴ്ചകൾ കണ്ടു ഫ്‌ളോട്ടിങ് പാലത്തിലൂടെ നടത്തം, കയാക്കിങ്, ചൂടുഭക്ഷണം, മനം നിറഞ്ഞ് മടങ്ങാം വലിയമട വാട്ടർ പാർക്കിൽ നിന്ന്! വാട്ടർ ടൂറിസം പാർക്ക


കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പൂർത്തികരിച്ച വലിയമട വാട്ടർ ടൂറിസം പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു. സായാഹ്‌നക്കാഴ്ചകൾ കണ്ടു ഫ്‌ളോട്ടിങ് പാലത്തിലൂടെ നടത്തം, ശുദ്ധജലം നിറഞ്ഞ ജലാശയത്തിലൂടെ കയാക്കിങ്, ചൂടുഭക്ഷണം കഴിച്ചു കുടുംബവും സൗഹൃദങ്ങളുമായി ഇത്തിരിനേരം, പടിഞ്ഞാറൻ മേഖലയുടെ സൗന്ദര്യം നുകർന്ന് ഉല്ലസിക്കാനുള്ള അവസരവുമായി വലിയമട വാട്ടർ പാർക്ക് ഒരു നവ്യാനുഭവം പകരും. അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചരഏക്കർ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പാക്കിയത്. കളർ മ്യൂസിക് വാട്ടർ ഫൗണ്ടൻ, ഫ്‌ളോട്ടിങ്ങ് റെസ്റ്റോറന്റ്, ഫ്ളോട്ടിങ്ങ് വാക് വേ, പെഡൽ ബോട്ടിംഗ്, ഫിഷിംഗ്, കുട്ടികൾക്കുള്ള കളിയിടം, പൂന്തോട്ടം, പക്ഷി നിരീക്ഷണം, മ്യൂസിക് ഷോകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.  കേരളീയ ഭക്ഷണം, ചൈനീസ്, നോർത്ത് ഇന്ത്യൻ ഫുഡ്  തുടങ്ങി നിരവധി രുചി ഭേദങ്ങളും ഇവിടെയുണ്ട്. രാത്രി 11 വരെ പാർക്കിൽ പ്രവേശനം ഉണ്ടായിരിക്കും. പ്രവേശനഫീസ് 50 രൂപയാണ്. അധികം വിനോദങ്ങൾക്ക് പ്രത്യേകം ഫീസുണ്ട്.